ഇറാഖിൽ സൗദിയുടെ ആക്രമണം; മിലിഷ്യ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്

റിയാദ്: സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖ് നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി സൗദി സായുധ സേന. യു.എസ് സെൻട്രൽ കമാൻഡും സൗദി സായുധ സേനയും സംയുക്തമായാണ് വ്യോമാക്രമണം നടത്തിയതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറി‌യിച്ചു. ഇറാഖ് അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന മിലിഷ്യ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്.

നേരത്തെ കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പ്രതിരോധ സേന തകർത്തിരുന്നു. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ സൗദിക്ക് നേരെ ഡ്രോൺ ആക്രമണശ്രമം നടത്തുന്നത്. രാജ്യത്തിന്റെ സമ്പത്തിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി, അനുയോജ്യമായ സമയത്തും സ്ഥലത്തും തിരിച്ചടിക്കാനുള്ള സൗദിയുടെ അവകാശം തുർക്കി അൽ മാലിക്കി വ്യക്തമാക്കി.ഐക്യരാഷ്ട്രസഭയുടെ ആർട്ടിക്കിൾ 51 ഉറപ്പുനൽകുന്ന സ്വയം പ്രതിരോധത്തിനുള്ള അവകാശം അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷം ലഘൂകരിക്കാനാണ് സൗദി ആ​ഗ്രഹിക്കുന്നതെന്നും എന്നാൽ രാജ്യത്തിനെതിരെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങൾക്കും ശക്തമായ മറുപടി നൽകുമെന്നും തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *