റിയാദ്: സൗദിയിൽ 9 പുതിയ റോഡ് വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു, സൗദി അറേബ്യയിലെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ തലാൽ 473 മില്യൺ റിയാൽ ചെലവ് വരുന്ന 9 പുതിയ റോഡ് വികസന പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ആകെ 252 കിലോമീറ്റർ നീളമുള്ളതാണ് ഈ പദ്ധതികൾ. നിലവിൽ 5304 കിലോമീറ്ററിലധികം ദൈർഘ്യമുള്ള അസീറിലെ റോഡ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താനും, മേഖലയുടെ തന്ത്രപ്രധാനമായ വളർച്ചക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതികൾ സഹായിക്കും.
അതേസമയം, പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അസീർ അമീർ, ഗതാഗത ലോജിസ്റ്റിക് സർവീസ് മന്ത്രി സ്വാലിഹ് അൽ-ജാസിർ, റോഡ് കാര്യ ഡെപ്യൂട്ടി മന്ത്രി എൻജിനീയർ ബദർ അൽ-ലാമി, മന്ത്രാലയത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അബഹയിൽ കൂടിക്കാഴ്ച നടത്തി. അസീർ മേഖലയുടെ പുരോഗതിക്ക് ആവശ്യമായ നിരവധി തന്ത്രപ്രധാനമായ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ബാക്കിയുള്ള റോഡ് പദ്ധതികളുടെ പൂർത്തീകരണം, അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, അസീറിനെയും ജിസാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ എന്നിവ ഈ ചർച്ചകളിൽ ഉൾപ്പെട്ടു.
