പട്ന: ബിഹാറിലെ വൈശാലി ജില്ലയിൽ ഗംഗാനദിക്ക് കുറുകെ നിർമിച്ച ആറുവരി നിതീഷ് സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പട്നയിലെ കച്ചി ദർഗയെയും വൈശാലിയിലെ ബിദുപുരിനെയും ബന്ധിപ്പിക്കുന്ന പാലം വടക്കൻ ബിഹാറും തെക്കൻ ബിഹാറും തമ്മിലുള്ള യാത്രാകണക്റ്റിവിറ്റി മെച്ചപ്പെടുത്തും.
ഏകദേശം 4,280 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന് 9.7 കിലോമീറ്ററാണ് നീളം. സമീപന പാതകൾ ഉൾപ്പെടെ 19.7 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ ദൈർഘ്യം. ഗംഗയ്ക്ക് കുറുകെയുള്ള പുതിയ പാത നിലവിലെ മഹാത്മാഗാന്ധി സേതു, ജെ.പി. സേതു എന്നിവിടങ്ങളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
റാഘോപുർ ദിയാര മേഖലയിലുള്ളവർക്കും പാലം വലിയ ആശ്വാസമാകും. പട്നയിലെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യസേവനങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ പുതിയ പാത സഹായിക്കും. കർഷകർക്കും വ്യാപാരികൾക്കും കാർഷിക ഉൽപ്പന്നങ്ങളും വ്യവസായ വസ്തുക്കളും വിപണികളിലെത്തിക്കുന്നതിനും പാലം പ്രയോജനപ്പെടും.
മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് പാലത്തിന് ‘നിതീഷ് സേതു’ എന്ന് പേരിട്ടിരിക്കുന്നത്. പാലത്തിന്റെ പേരിനെച്ചൊല്ലി ഭരണകക്ഷിയായ ബിജെപി-ജെഡിയു സഖ്യവും പ്രതിപക്ഷമായ ആർജെഡിയും തമ്മിൽ രാഷ്ട്രീയ തർക്കവും ഉയർന്നിരുന്നു.
പാലത്തിന്റെ ഉദ്ഘാടനത്തോടൊപ്പം ബിഹാറിൽ ഏകദേശം 34,470 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. റോഡ്, ഊർജം, നഗരവികസനം, ജലവിഭവം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രധാനമന്ത്രി ആവാസ് യോജന-നഗര പദ്ധതിയിലെ 26,900-ലധികം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശന ചടങ്ങും സംഘടിപ്പിച്ചു.
