ടുളൂസ് (ഫ്രാൻസ്): ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തി ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് കമ്പനിയുടെ വിമാനം. പ്രത്യേകമായി മാറ്റങ്ങൾ വരുത്തിയ ഏയർബസ് എ 350 ആണ് 24 മണിക്കൂർ തുടർച്ചയായി പറന്ന് ചരിത്രംകുറിച്ചത്. ഓസ്ട്രേലിയയിലെ മെൽബണിൽനിന്ന് ഫ്രാൻസിലെ ടുളൂസിലേക്കായിരുന്നു യാത്ര.
2027-ഓടെ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തുനിന്ന് ലണ്ടണിലേക്കും ന്യൂയോർക്കിലേക്കും നോൺസ്‌റ്റോപ് വിമാന സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന പ്രൊജക്ട് സൺറൈസ് പദ്ധതിയുടെ ഭാഗമായാണ് ചരിത്രയാത്ര നടത്തിയത്. ക്വാണ്ടാസ് എയർലൈനിന്റെ ദീർഘകാലമായുള്ള പദ്ധതിയാണിത്.
മെൽബണിൽനിന്ന് ജൂലൈ 27-ന് പ്രാദേശികസമയം വൈകീട്ട് 5.27-ന് പുറപ്പെട്ട വിമാനം ടുളൂസിലുള്ള എയർബസ് ആസ്ഥാനത്ത് ജൂലൈ 28 പ്രാദേശികസമയം 9.52-ന് നിലത്തിറക്കി. ട്രാക്കിങ് വിവരപ്രകാരം അപ്പോഴേക്കും വിമാനം 24 മണിക്കൂർ 24 മിനിറ്റ് തുടർച്ചയായി സഞ്ചരിച്ചിരുന്നു. പസഫിക് സമുദ്രത്തിനു മുകളിലൂടെ, അമേരിക്കയും കാനഡയും കടന്ന് അറ്റ്‌ലാന്റിക്കിന് കുറുകെ, തെക്കൻ ഫ്രാൻസിൽ നിലത്തിറങ്ങുമ്പോഴേക്കും വിമാനം 23,075 കിലോമീറ്റർ താണ്ടിയിരുന്നു.പസഫിക്ക് മുകളിലൂടെ അമേരിക്കയും കാനഡയും പിന്നെ അറ്റ്‌ലാന്റിക്കിനും മുകളിലൂടെ ടുളൂസിൽ ലാൻഡ് ചെയ്യുന്നതിനിടെ മൂന്ന് ഭൂഖണ്ഡങ്ങളും രണ്ട് സമുദ്രങ്ങളും രണ്ട് സൂര്യാസ്തമയവും രണ്ട് സൂര്യോദയവും പിന്നിട്ടായിരുന്നു ചരിത്രയാത്ര. 2005-ൽ 22 മണിക്കൂർ 42 മിനുട്ട് സഞ്ചരിച്ച് ഹോങ്‌കോങ്ങിൽനിന്ന് ലണ്ടനിലേക്ക് പരീക്ഷണാർഥം പറന്ന ബോയിങ് 777-200 എൽ ആർ വിമാനത്തിന്റെ റെക്കോർഡ് ആണ് പഴങ്കഥയായയത്. ലാൻഡിങ് സമയത്ത് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ആളുകൾ ‘ഫ്‌ളൈറ്റ് റഡാർ 24’ വെബ്‌സൈറ്റിലൂടെ വിമാനത്തെ തത്സമയം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഫ്‌ളൈറ്റ് റഡാർ 24-ന്റെ കണക്കുപ്രകാരം 3.6 മില്ല്യൺ ആളുകൾ ട്രാക്ക് ചെയ്ത ഈ യാത്ര ഏറ്റവും കൂടുതൽ പേർ ട്രാക്ക് ചെയ്ത രണ്ടാമത്തെ യാത്രയാണ്. എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചമേറ്റിയ വിമാനമാണ് ഏറ്റവും കൂടൂതൽ പേർ ട്രാക്ക് ചെയ്ത വിമാനം.
ദീർഘദൂര യാത്രകൾക്കായി 20,000 ലിറ്ററിലധികം ഇന്ധനം നിറയ്ക്കാവുന്ന രീതിയിൽ പ്രത്യേകം രൂപമാറ്റം വരുത്തിയ എയർബസ് എ 350-1000 യുഎൽആർ (അൾട്രാ ലോങ് റേഞ്ച്) വിമാനമാണ് യാത്രനടത്തിയത്. രണ്ട് മാസത്തെ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജൂൺമുതൽ വിമാനം പരീക്ഷിച്ചുവരികയായിരുന്നു. ഒരാഴ്ച മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ മെൽബണിൽ നിന്നും ടുളൂസിലേക്ക് പരീക്ഷണാർഥം 19 മണിക്കൂർ ഈ വിമാനം പറന്നിരുന്നു.
