റിയാദ്: സൗദിയിലെ അസീറിൽ കനത്തമഴയുടെയും വസന്തകാലത്തിന്റെയും വരവറിയിച്ച് സുഹൈൽ നക്ഷത്രം ഉദിച്ചു. വേനൽചൂട് കുറക്കുകയും കാർഷിക മേഖലക്ക് ഉണർവേകുന്നതുമായ പ്രധാന കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഈ നക്ഷത്രം ആദ്യം ദൃശ്യമാകുന്ന പ്രദേശങ്ങളിലൊന്നാണ് അസീറെന്ന് പ്രമുഖ ഗവേഷകൻ അബ്ദുല്ല അലി അൽ മൂസ വ്യക്തമാക്കി. ഇന്ന് മുതൽ ആരംഭിക്കുന്ന ഈ പുതിയ സീസൺ 13 ദിവസത്തോളം നീണ്ടുനിൽക്കും. പ്രാദേശികമായി ശരത്കാലം എന്നറിയപ്പെടുന്ന വേനൽക്കാലത്തിന്റെ മധ്യത്തിലാണ് ഇത് ദൃശ്യമാകുക. കനത്ത മഴ കൂടാതെ ഈ ദിവസങ്ങളിൽ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് തഹാമ പ്രദേശങ്ങളിലേക്കും പരിസര പ്രദേശങ്ങളിലെ മലനിരകളിലേക്കും വ്യാപിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
അസീറിൽ ഇനി കുളിരു കോരുന്ന പെരുമഴക്കാലം
