ഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി നീങ്ങരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പ്രധാനമന്ത്രിയും ഭരണകൂടവും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുമെന്ന സങ്കല്പത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാനുള്ള സമിതിയുടെ സാധുത ഇല്ലാതാക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം ചോദ്യംചെയ്യുന്ന ഹർജികൾ ഭരണഘടനാബെഞ്ചിന് വിടണമോ എന്ന വിഷയം സുപ്രീംകോടതി വിധിപറയാനായി മാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുദ്ദേശ്യപരമായാണ് പ്രവർത്തിക്കുന്നതെങ്കിൽ, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോഴും ഏതെങ്കിലും ജഡ്ജിയോടോ പുറത്തുള്ളയാളോടോ അഭിപ്രായംതേടണമെന്ന് വകുപ്പുണ്ടാക്കേണ്ടിവരില്ലേയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയുണ്ടാക്കിയത് അസാധുവാക്കിയാൽ അത് പാർലമെന്റിന്റെ തീരുമാനത്തെ സംശയിക്കലാക്കും. തിരഞ്ഞെടുക്കപ്പെട്ടവർ നയിക്കുന്ന സ്ഥാപനങ്ങളോടുള്ള ഭരണഘടനാപരമായ വിശ്വാസ്യതയെ അവമതിക്കലാകും അതെന്നും അദ്ദേഹം വാദിച്ചു.
മോദിക്ക് ദുരുദ്ദേശ്യമില്ല
