റിയാദ്: ഈ നൂറ്റാണ്ടിലെ ഏറ്റവും അപൂർവ്വവും ദൈർഘ്യമേറിയതുമായ പൂർണ സൂര്യഗ്രഹണം സൗദി അറേബ്യയുടെ ആകാശത്ത് ദൃശ്യമാകാനൊരുങ്ങുന്നു. 2027 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്ക്കും. 75ലധികം വർഷങ്ങൾക്ക് ശേഷമാണ് സൗദി അറേബ്യയിൽ ഇത്രയും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര സംഭവമെന്നാണ് സൗദി സ്പേസ് ഏജൻസി വിശേഷിപ്പിച്ചത്. ഗ്രഹണ സമയത്ത് പകൽ വെളിച്ചം മാറി സന്ധ്യാസമയത്തിന് സമാനമായ അന്തരീക്ഷമാകും. അന്തരീക്ഷ താപനില പെട്ടെന്ന് കുറയുകയും ഉച്ചസമയത്ത് ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവുകയും ചെയ്യും.
സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷ പാളിയായ ‘കൊറോണ’ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. അബ പോലെയുള്ള തെക്കൻ പ്രദേശങ്ങളിൽ ഏകദേശം 6 മിനിറ്റോളവും, ജിദ്ദ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ 5 മിനിറ്റ് 50 സെക്കൻഡോളവും പൂർണ്ണ ഇരുട്ട് അനുഭവപ്പെടും. സൗദിയിലെ പ്രധാനപ്പെട്ട നഗരങ്ങൾ പൂർണ്ണ ഗ്രഹണ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. മക്ക, ജിദ്ദ, തായിഫ്, അൽ ബാഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ തുടങ്ങിയ വൻ നഗരങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുകയെന്ന് ജിദ്ദ ആസ്ട്രോണമി സൊസൈറ്റിയുടെ ഭാരവാഹി എഞ്ചിനീയർ മജീദ് അബു സഹ്റ പറഞ്ഞു.
ഓഗസ്റ്റ് 2ന് രാവിലെ 11.41ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 1.21 നും 1.44 നും ഇടയിലാണ് രാജ്യത്ത് പൂർണമായി ഇരുട്ട് പരക്കുന്നത്. വൈകുന്നേരം 3 മണിയോടെ ഗ്രഹണം അവസാനിക്കും. യുഎഇ നിവാസികൾക്കും സൂര്യഗ്രഹണം കാണാമെങ്കിലും അത് ഭാഗികമായിരിക്കും. ദുബായ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സൂര്യന്റെ 53 ശതമാനം മുതൽ 61 ശതമാനം വരെ ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെടും. പൂർണമായി ഇരുട്ടോ നക്ഷത്രങ്ങൾ തെളിയുന്ന അനുഭവമോ യുഎഇയിൽ ഉണ്ടാകില്ല.പ്രത്യേക സുരക്ഷാ ഗ്ലാസുകൾ ഇല്ലാതെ ഒരു കാരണവശാലും സൂര്യനെ നേരിട്ട് നോക്കരുത്. സാധാരണ സൺഗ്ലാസുകളോ ടെലിസ്കോപ്പോ ഫിൽട്ടറുകളില്ലാതെ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തിക്ക് സ്ഥിരമായ തകരാറുകൾ വരുത്താമെന്ന് സൗദി സ്പേസ് ഏജൻസി പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
