കടൽ ഗതാഗത സുരക്ഷ; ​ സൗദി നേതൃത്വത്തിൽ സംയുക്​ത സഖ്യം

റിയാദ്: കടലിൽ ആക്രമണങ്ങൾ തുടർക്കഥയാകുകയും കപ്പൽ ഗതാഗതത്തെ ബാധിക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര പ്രതിരോധ സഖ്യത്തിനുള്ള നടപടികൾ ആരംഭിച്ച്​ സൗദി അറേബ്യ. ഹോർമുസ്​ കടലിടുക്കും ബാബ്​ അൽമന്ദബ്​ കടലിടുക്കും മെഡിറ്ററേനിയൻ കടലും അടക്കം ആക്രമണ ലക്ഷ്യങ്ങളാകുകയും പല രീതിയിൽ ഉപരോധങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിലാണ്​ കടൽ സുരക്ഷക്കായി സംയു​ക്​ത നീക്കം ആരംഭിച്ചത്​. ചെങ്കടലിലും ബാബ്​ അൽ മന്ദബിലും സൗദി അറേബ്യക്കെതിരെ യമനിലെ ഹൂത്തികൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര ഇടനാഴികളിലൊന്നായ ചെങ്കടലിലെ ബാബ്​ അൽ മന്ദബിൽ സൗദി ബന്ധമുള്ള കപ്പലുകൾക്കാണ്​ ഹൂത്തികളുടെ ഉപരോധം. കപ്പലുകൾക്ക്​ നേരെ ആക്രമണവും നടന്നിരുന്നു. ഈ സാഹര്യത്തിൽ കൂടിയാണ്​ ചെങ്കടൽ മേഖലയിലെ അന്താരാഷ്ട്ര ഷിപ്പിംഗ്, ഊർജ്ജ വിതരണ പാതകൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യത്തിനുള്ള പദ്ധതികൾ സൗദി അറേബ്യ പുറത്തിറക്കിയത്​. ചെങ്കടൽ, ഏദൻ, ബാബ് അൽ മന്ദബ് മേഖലകളിൽ സഹകരിക്കും. 14 രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യം സംയുക്ത പ്രസ്താവന പുറത്തിറക്കി.ജിസിസി രാജ്യങ്ങളിൽ ബഹ്റൈനും ഖത്തറും കുവൈത്തും സഖ്യത്തിലുണ്ട്​. ബംഗ്ലാദേശ്, ഈജിപ്ത്, ജോർദാൻ, പാകിസ്താൻ, തുർക്കി എന്നിവരും സഖ്യത്തിന്‍റെ ഭാഗമാണ്​. യമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടവും സഖ്യത്തലുണ്ട്​. സഖ്യം പ്രതിരോധ സ്വഭാവത്തിൽ മാത്രമാകും പ്രവർത്തിക്കുകയെന്ന് സൗദി അറേബ്യ വ്യക്​തമാക്കിയിട്ടുണ്ട്​. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കില്ല. ചരക്കു നീക്കം തടസ്സപ്പെടാതിരിക്കാൻ പരസ്പരം കപ്പലുകളും ഉപയോഗിക്കും. ഹോർമുസിലും ബാബ്​ അൽ മന്ദബിലുമുള്ള ഉപരോധങ്ങളും മെഡിറ്ററേനിയനിലെ ആക്രമണവും ആഗോള തലത്തിൽ എണ്ണ വില ഉയർത്തുകയും ചെയ്തിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *