ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളിയും യഷ്വീർ സിങ്ങ് വെങ്കലവും നേടി. 89.75 ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ റോം ഡയമണ്ട് ലീഗ് ജേതാവ് രുമേഷ് തരംഗ പരിരഗെയ്ക്കാണ് സ്വർണം.
സീസണിലെ മികച്ച പ്രകടനം (85.83 മീറ്റർ) പുറത്തെടുത്താണ് നീരജ് വെള്ളിയണിഞ്ഞത്. 85.41 മീറ്റർ എറിഞ്ഞ യഷ്വീർ സിങ്ങിന്റേത് അദ്ദേഹത്തിന്റെ മികച്ച വ്യക്തിഗത പ്രകടനമായിരുന്നു. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ ഇനത്തിൽ ഇരട്ട മെഡലുകൾ സ്വന്തമാക്കുന്നത്.
രണ്ടാം ശ്രമത്തിൽ എറിഞ്ഞ 85.83 മീറ്റർ ദൂരമാണ് നീരജിന് മെഡൽ സമ്മാനിച്ചത്. ഈ സീസണിലെ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. ശക്തമായ കാറ്റും കുറഞ്ഞ താപനിലയും മത്സരത്തെ ബാധിച്ചെങ്കിലും നീരജ് മികച്ച പ്രകടനം പുറത്തെടുത്തു.മത്സരത്തിന്റെ അവസാന ഘട്ടം വരെ ഏഴാം സ്ഥാനത്തായിരുന്നു യഷ്വീർ സിങ്. എന്നാൽ തന്റെ ആറാം ശ്രമത്തിൽ 85.41 മീറ്റർ എറിഞ്ഞ് യഷ്വീർ എല്ലാവരേയും അമ്പരപ്പിച്ചു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം രോഹിത് യാദവ് 81.56 മീറ്റർ ദൂരത്തോടെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.നിലവിൽ ഗെയിംസ് മെഡൽ പട്ടികയിൽ അഞ്ച് സ്വർണ്ണവും 12 വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 23 മെഡലുകളുമായി ഇന്ത്യ പത്താം സ്ഥാനത്താണ്.
