ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്. വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ തന്റെ എക്സിൽ കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ആക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നതായും വെള്ളിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ മോദി പറഞ്ഞിരുന്നു. പിന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പവൻ ഖേറ പരിഹസിച്ചത്.
