UDF നേതാവിനെ തിരുത്തി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ്. മുന്നോട്ടെന്നതരത്തിൽ പറഞ്ഞ കൺവീനർ അടൂർ പ്രകാശിനെ ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തിരുത്തി. യു.ഡി.എഫ്. യോഗം അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിനു പിന്നാലെ, പദ്ധതി തുടരാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നുമുള്ള വിശദീകരണവുമായി അടൂർ പ്രകാശ് നിലപാട് മാറ്റി. പദ്ധതിയുമായി മുന്നോട്ടുപോകും എന്നൊരു വാക്ക് അടൂർ പ്രകാശ് വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞില്ലെങ്കിലും അതുതന്നെയാണ് യു.ഡി.എഫ്. ഉദ്ദേശിക്കുന്നതെന്നു വ്യക്തമായിരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളോട് ചേർന്നെന്ന സി.പി.എം. വിമർശനംകൂടി വന്നതോടെ അതിനെ പ്രതിരോധിക്കാനാണ് കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയത്.

യു.ഡി.എഫ്. യോഗത്തിൽ പി.എം.ശ്രീ സംബന്ധിച്ച് ചർച്ചയേ ഉണ്ടായില്ല. ലീഗിനും കോൺഗ്രസിനും വ്യത്യസ്ത അഭിപ്രായമാണെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു അജൻഡയേ യോഗത്തിൽ ഉണ്ടായിരുന്നില്ല. മന്ത്രിസഭ ഇക്കാര്യത്തിൽ ഒരു സബ് കമ്മിറ്റിയെ വെച്ചിട്ടുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോർട്ടിനുശേഷം യു.ഡി.എഫും മുഖ്യമന്ത്രിയും അഭിപ്രായം പറയും. കേന്ദ്രം പറഞ്ഞ കണ്ടീഷനുകൾ ഒന്നും കേരളത്തിലെ പാഠ്യപദ്ധതിയിൽ നടപ്പാക്കാൻ പോകുന്നില്ല. അങ്ങനെ ഒരു ഘട്ടംവന്നാൽ എന്തുവേണമെന്ന് അപ്പോൾ പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമമാക്കി.

Leave a Reply

Your email address will not be published. Required fields are marked *