മൂന്നാർ: ദേശീയപാതയിൽപെട്ട മൂന്നാർ പൊലീസ് സ്റ്റേഷനു സമീപത്തെ പാലം അപകടാവസ്ഥയിലായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി നിയന്ത്രണമേർപ്പെടുത്തി. അടിമാലി, ദേവികുളം ഭാഗത്തുനിന്നു വരുന്ന ബസുകൾ പൊലീസ് സ്റ്റേഷനു സമീപം നിർത്തി യാത്രക്കാരെ ഇറക്കണം. ഇവിടെ ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റി യാത്രതിരിക്കണം. പോസ്റ്റ് ഓഫിസ് കവലയിലെ ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ പോകാൻ അനുവദിക്കില്ല.
കാന്തല്ലൂർ, മറയൂർ, വട്ടവട ഭാഗത്തേക്കുള്ള ബസുകൾ മാത്രമേ പാലം വഴി ടൗണിലേക്കു കടത്തിവിടുകയുള്ളൂ. തടിലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അപകടാവസ്ഥയിലുള്ള പാലം വഴി കടത്തിവിടില്ല. ദേശീയപാതയിലെ ആർഒ കവല മുതൽ സിഎസ്ഐ പാലം വരെയുള്ള ഭാഗത്ത് മലയിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ അപകടാവസ്ഥയിലുള്ള പാലത്തിലൂടെ പോകുന്നത് അപകടകരമായതിനാലാണു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഡിവൈഎസ്പി എസ്.ചന്ദ്രകുമാർ പറഞ്ഞു.
