അത്തിയടുക്കത്ത് ചെറിയ തോതിൽ ഉരുൾപൊട്ടൽ; ജില്ലയിൽ 4 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കാസർകോട്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷൻ കൊന്നക്കാട് ബീറ്റിൽ പെട്ട അത്തിയടുക്കം 48 ഏക്കർ എന്ന സ്വകാര്യ സ്ഥലത്തെ വെള്ളച്ചാലിലും (കൊല്ലി) അതിനോട് ചേർന്ന പ്രദേശത്തും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

ഉരുൾപൊട്ടലിന്റെ ഉത്ഭവ കേന്ദ്രം വ്യക്തമായിട്ടില്ല.മഴ കനത്തതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതലുകളും ദുരിതാശ്വാസ നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ മരണങ്ങളോ ആളുകളെ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ദേലംപാടി വില്ലേജിലെ പരപ്പയിൽ അശ്വിനി (14) എന്ന കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

തയ്യേനി (പാലവയൽ വില്ലേജ്), കാറ്റാംകവല (മാലോത്ത് വില്ലേജ്) എന്നിവിടങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും വീടുകൾക്ക് നാശനഷ്ടമുണ്ടായി. പനത്തടി വില്ലേജിലെ കുറിഞ്ഞി നെല്ലിക്കുന്ന്, ദേലംപാടി വില്ലേജിലെ ഉജ്ജമ്പാടി, പാഡ്രെ വില്ലേജ്, ബയാർ വില്ലേജ് എന്നിവിടങ്ങളിലായി നാല് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മുൻകരുതലിന്റെ ഭാഗമായി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ നിലവിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഈ ക്യാമ്പുകളിലായി 37 കുടുംബങ്ങളിൽ നിന്നുള്ള 156 പേർ താമസിക്കുന്നുണ്ട്. ഇതിൽ 73 പുരുഷന്മാരും 60 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *