ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ കടുത്ത പിടിപ്പുകേട് കാരണമാണെന്ന് സിപിഐ(എം) രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി. ഇ. ശ്രീധരൻ നൽകിയ അതിവേഗ റെയിൽ പ്രൊപ്പോസൽ പഠിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അത് ചവറ്റുകൊട്ടയിൽ എറിയുകയായിരുന്നു. ഇ. ശ്രീധരന്റെ പദ്ധതി തള്ളാൻ വേണ്ടി മാത്രമാണ് സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ രൂപീകരിച്ചതെന്നും എംപി കുറ്റപ്പെടുത്തി. റെയിൽവേ മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെയും യുഡിഎഫിന്റെയും നിലപാടുകൾക്കെതിരെ എംപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതിയെയും ഇ. ശ്രീധരന്റെ പദ്ധതിയെയും ഒരുപോലെ എതിർത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രത്തിന് കൂടുതൽ സൗകര്യപ്രദമായി. ഇനി ഇത്തരമൊരു പദ്ധതിയും കേരളത്തിന് ലഭിക്കില്ലെന്നാണ് കേന്ദ്രം പരോക്ഷമായി വ്യക്തമാക്കുന്നത്. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം കോൺഗ്രസിനാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രഖ്യാപിക്കുകയും ലാലു പ്രസാദ് യാദവ് മന്ത്രിയായിരുന്നപ്പോൾ തുക വകയിരുത്തുകയും ചെയ്ത പദ്ധതിയാണിത്. എന്നാൽ പിന്നീട് കേന്ദ്രത്തിൽ യുപിഎ സർക്കാരുകൾ ഭരിച്ചപ്പോഴൊന്നും ഒന്നും ചെയ്തില്ല. പാലക്കാട് കോച്ച് ഫാക്ടറിക്കായി ഇപ്പോഴത്തെ യുഡിഎഫ് സർക്കാർ ഒരു നിവേദനം പോലും കേന്ദ്രത്തിന് നൽകിയിട്ടില്ല. മുൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചില്ലെന്ന് ആരോപിക്കുന്ന പാലക്കാട് എംപി ഉൾപ്പെടെയുള്ളവർ ഇപ്പോൾ വിഷയത്തിൽ പ്രതികരിക്കുന്നില്ല. കേരളത്തിന്റെ റെയിൽ വികസനവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന പദ്ധതികളും വേണ്ടെന്ന് വെച്ചു എന്ന് കേന്ദ്രത്തിന് ന്യായീകരിക്കാൻ അവസരമൊരുക്കിയത് വിഡി സതീശൻ സർക്കാരാണെന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
