രാജ്യത്ത് പ്ലാസ്റ്റിക് കറൻസി പുറത്തിറക്കും

ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് കറൻസി അടുത്ത സാമ്പത്തിക വർഷം ആദ്യത്തോടെ വിപണിയിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. 10,20 രൂപയുടെ പോളിമർ കറൻസികൾ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യം പുറത്തിറക്കുക.
ഇത് അച്ചടിക്കുന്നതിനുള്ള പോളിമർ ലഭ്യമാക്കുന്നതിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ടെൻഡർ പാസാക്കി ലഭിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയും സുരക്ഷാഫീച്ചറുകളും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ എന്തെല്ലാം സുരക്ഷാ മുൻകരുതലുകൾ നോട്ടുകളിൽ ഉൾപ്പെടുത്താനാകുമെന്ന് അറിയാനാകൂ.

ഇക്കാര്യങ്ങൾ തീരുമാനിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. നിലവിലെ കറൻസികളെ അപേക്ഷിച്ച് പോളിമർ കറൻസികൾ കൂടുതൽ ഈടുനിൽക്കുന്നതാണ്. കൂടുതലായി കൈമറിയുന്ന ചെറുതുകയുടെ കറൻസികൾക്കായിരിക്കും ഇത് ഏറെ അനുയോജ്യമാകുക. പേപ്പറിലുള്ള ചെറുതുകയുടെ കറൻസികളിൽ ഇടപാടുകൾ കൂടുതലായതിനാൽ വേഗത്തിൽ നശിക്കുന്നതാണ്.30 വർഷത്തോളമായി പല രാജ്യങ്ങളും പ്ലാസ്റ്റിക് കറൻസികൾ ഉപയോഗിച്ചുവരുന്നുണ്ട്.

അവിടങ്ങളിൽ ഇത് കൂടുതൽ ഈടുനിൽക്കുന്നതായി വ്യക്തമായിരുന്നു. പുതിയ സാഹചര്യത്തിൽ പെയ്‌മന്റ് സംവിധാനത്തിന്റെ ശേഷിയും സവിശേഷതകളും വികസിപ്പിക്കേണ്ടതുണ്ട്.ഇതിന്റെ ഭാഗമായിക്കൂടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ കറൻസി വിപണിയിലെത്തിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *