ചെന്നൈ : വിജയ്യുടെ കരിയറിലെ അവസാന ചിത്രമായ ജന നായകൻ മികച്ച കളക്ഷൻ നേടി മുന്നേറ്റം തുടരുകയാണ്. സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും ആഗോള തലത്തിൽ 300 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. സെൻസർ വിവാദങ്ങളിൽ പെട്ട് റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് ഒരുക്കിയ ദളപതി കച്ചേരി എന്ന വീഡിയോ ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്. വിജയ് ആരാധകർക്കുള്ള ഒരു ട്രിബ്യൂട്ട് പോലെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിജയ്യുടെ മികച്ച നൃത്തച്ചുവടുകളും ഗാനത്തിന്റെ പ്രത്യേകതയാണ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.
എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നു. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
