തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്. 300 ഗുണ്ടകളാണ് പൊലീസിൻ്റെ പട്ടികയിലുള്ളത്. ഒരാഴ്ച മുമ്പേ രഹസ്യമായി പൊലീസ് നീക്കം തുടങ്ങിയിരുന്നു. ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ചും ഇൻ്റലിജൻസിന് വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പൊലീസ് കോടതിയെ സമീപിക്കാനും നീക്കമാരംഭിച്ചു.
ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ച് ഇൻ്റലിജൻസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശത്രുക്കളെ വിരട്ടാനും വകവരുത്താനും ഗുണ്ടകൾക്ക് ചെലവാക്കുന്നത് കോടികളാണ്. മധ്യകേരളത്തിലെ വ്യവസായി ബെംഗളൂരുവിൽനിന്ന് ഗുണ്ടകളെ കൊണ്ടുവന്നതിൻ്റെ വിവരങ്ങൾ പൊലിസിന് ലഭിച്ചു. വിദേശത്തക്ക് ഗുണ്ടകളെ അയച്ചും കുടിപ്പക തീർക്കാൻ ശ്രമിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാൻ്റെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
