തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും മേജർ രവി. കഴിഞ്ഞ ദിവസം സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ വിഡി സതീശൻ പങ്കെടുക്കാൻ എത്തിയപ്പോൾ, ഷോളിടാൻ വന്ന ആളെ തടഞ്ഞതും ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ മുന്നിട്ട് നിന്നതുമടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് പ്രശംസ. മറ്റുള്ളവർ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളവരുടെ വേലക്കാരാണെന്നും അതാണ് വി ഡി സതീശൻ കാണിക്കുന്നതെന്നും മേജർ രവി പറഞ്ഞു.
രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മൾ കണ്ടത്. ഒന്ന് കാരണഭൂതൻ എന്ന പാട്ടും പാടിച്ച് നടക്കുന്നൊരു മുഖ്യമന്ത്രി. ഞാനാണ് വലുതെന്ന ചിന്തയിൽ. ഇപ്പുറത്ത് ഒരു വണ്ടിയും കൊണ്ടാണ് ഇന്നലെ സലിം കുമാറിൻറെ സംസ്കാര ചടങ്ങിൽ പങ്കെടുത്താൻ വന്നത്. ഇന്നസെൻറ് ചേട്ടൻ മരിച്ച സമയത്ത് പഴയ മുഖ്യമന്ത്രി 56 വണ്ടിയും 560 പൊലീസും പത്ത് ഫയർ ഫോഴ്സും കൂടിയാണ് ആ ഇടവഴിയിലൂടെ പോയത്. നാട്ടുകാർക്ക് എന്തുമാത്രം ബുദ്ധിമുട്ടുണ്ടായി. ഞാനൊരു മുഖ്യമന്ത്രി ആണെങ്കിൽ 56 വണ്ടിയും 560 പൊലീസ് സംരക്ഷണവും വേണമെങ്കിൽ ജനങ്ങൾക്ക് എന്നെ വേണ്ട എന്നതല്ലേ. എന്നെ കൊല്ലാൻ നടക്കുന്നു എന്നതല്ലേ. പിന്നെ ആ സ്ഥാനത്ത് ഇരിക്കരുത്. ഇപ്പോഴവരിരുന്ന് നിരങ്ങി കൊണ്ടിരിക്കുകയാണ്. അവർ തോറ്റെന്ന് ഇപ്പോഴെങ്കിലും അവരെ പറഞ്ഞ് മനസിലാക്കൂ.
പൊങ്ങച്ചം കാണിക്കതുതെന്ന് പറയണം. മറ്റുള്ളവർ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളവരുടെ വേലക്കാരാണ്. അതാണ് വിഡി സതീശൻ എന്ന മുഖ്യമന്ത്രി കാണിക്കുന്നത്. അദ്ദേഹം മുന്നോട്ടും അത് കൊണ്ടുപോകണം. ഉമ്മാക്കി എന്ന ഭാഷയൊക്കെ പാർലമെൻററി ഭാഷയല്ല. വിരട്ടൽ ഇങ്ങോട്ട് എടുക്കണ്ട എന്ന് പറയുന്നു. ഒരു മുഖ്യമന്ത്രിയാണോ ഗുണ്ടാ ഭാഷയൊക്കെ ഉപയോഗിക്കുന്നത്. അതൊക്കെ മാറി ഇപ്പോൾ. നല്ലൊരു മുഖ്യമന്ത്രിയാണ് വിഡി സതീശൻ. ആ ചിരിച്ച മുഖത്തോട് കൂടി, നല്ല രീതിയിൽ പോകട്ടെ എന്ന ആഗ്രഹമാണ് എനിക്കുള്ളത്”, എന്നായിരുന്നു മേജർ രവിയുടെ വാക്കുകൾ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മേജർ രവി.
