കുവൈത്ത്: കുവൈത്തിന് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് കുവൈത്ത് അറിയിച്ചു. ഈ സംഭവങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ കുവൈത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും രാജ്യത്തിന്റെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്.
മേഖലയിൽ സമാധാനം നിലനിർത്താൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങളെ ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ പൂർണമായും തകർക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയുടെ പൊതുവായ സുരക്ഷയെത്തന്നെ ഇത് ദോഷകരമായി ബാധിക്കും. ഇത്തരം ആക്രമണാത്മക നിലപാടുകളെ രാജ്യം പൂർണമായി തള്ളിക്കളയുന്നതായി കുവൈത്ത് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഭൂപ്രദേശവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് അവകാശമുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഈ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
