രാജ്യസഭയിൽ 150 കടക്കാൻ എൻഡിഎ

ന്യൂഡൽഹി: 27 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുന്നു. ജൂൺ 18-ന് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 8 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർഥി നിർണ്ണയത്തിനുമുള്ള ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രോസ് വോട്ടിങ് സാധ്യതകൾ ഇരു മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.

നിലവിൽ രാജ്യസഭയിൽ 148 എംപിമാരുള്ള എൻഡിഎ, ഈ തിരഞ്ഞെടുപ്പോടെ തങ്ങളുടെ അംഗസംഖ്യ 150 കടത്താമെന്ന പ്രതീക്ഷയിലാണ്. 27 സീറ്റുകളിൽ 17 മുതൽ 18 വരെ സീറ്റുകൾ നേടാനായാൽ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് മുന്നണി കൂടുതൽ അടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, രവ്‌നീത് സിങ് ബിട്ടു തുടങ്ങിയ പ്രമുഖരുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക തിരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *