തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്ന് കെ.എൻ ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല. അങ്ങനെ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പരസ്യപ്പെടുത്താൻ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരെ വെല്ലുവിളിക്കുകയാണ്.
എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതലയെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ നടത്തിയ പരാമർശങ്ങൾ തികച്ചും അനുചിതമാണ്. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയോ, എന്തിന് പി.എ.സി ചെയർമാന്റെ മുറി പോലുമോ ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതല.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട, വളരെ ഉന്നതമായ ഒരു ഭരണഘടനാ പദവിയാണത്. ആ കസേരയിലിരുന്ന് ഇത്തരം അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആ പദവിയുടെ അന്തസ്സിന് നിരക്കുന്നതല്ല. വസ്തുതകൾ മനസ്സിലാക്കി, പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്ന സമീപനമാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
