വന്യജീവി സംരക്ഷണ ഭേദഗതി ബിൽ; കേരളത്തിന്റെ ബില്ലിന് അംഗീകാരമില്ല

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ കേരളത്തിന്റെ ബില്ലിന് അംഗീകാരമില്ല. മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ നിലവിലെ വന്യജീവി സംരക്ഷണ നിയമത്തിൽ തന്നെ ആവശ്യമായ വ്യവസ്ഥകൾ ഉണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ലോക്സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. വന്യജീവി ആക്രമണങ്ങളും സംഘർഷങ്ങളും തടയുന്നതിനുള്ള പൂർണ ചുമതല സംസ്ഥാന സർക്കാരിനാണെന്നും ആവശ്യമായ നടപടികളുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാമെന്നും കേന്ദ്രം പറഞ്ഞു.

2024ലാണ് വന്യജീവി ആക്രമണം തടയുന്നതിനായി 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചത്. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിനും, ജനവാസ മേഖലയിലിറങ്ങുന്ന അപകടാകാരികളായ വന്യജീവികളെ വെടിവെച്ചുകൊല്ലുന്നതടക്കമുള്ള നടപടികൾക്ക് കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്നുമായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *