സിനിമ തിയേറ്ററിന് ഉള്ളിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്തു കഴിക്കുന്നതിന് എതിരെ നടൻ മാധവൻ രംഗത്ത്. നിങ്ങൾക്ക് ലഞ്ചോ ഡിന്നറോ കഴിക്കണമെങ്കിൽ റസ്റ്റോറന്റിൽ പോകൂ എന്നും തിയേറ്ററിലേക്ക് അല്ല വരേണ്ടത് എന്നും മാധവൻ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ജിഡിഎന്നിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
‘ഇന്ന് ഒരു ഫാമിലിയെ മുഴുവൻ കൺവിൻസ് ചെയ്തു തിയേറ്ററിലേക്ക് എത്തിച്ചാൽ സിനിമ കണ്ടുകൊണ്ട് ഇരിക്കുന്നതിന്റെ ഇടയിലാകും ഒരാൾ പാനി പുരി ഓർഡർ ചെയ്യുന്നത്. അത് സിനിമ കണ്ടുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാകും കൊണ്ടുവരുന്നതും. അതെല്ലാം വെറും മണ്ടത്തരം ആണെന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾക്ക് ലഞ്ചോ ഡിന്നറോ കഴിക്കണമെങ്കിൽ നിങ്ങൾ റസ്റ്റോറന്റിൽ പോകൂ തിയേറ്ററിലേക്ക് അല്ല വരേണ്ടത്. ഇതെല്ലാം കഴിഞ്ഞ് ആ സിനിമ കൂടി മോശമാണെങ്കിൽ അത് പ്രേക്ഷകരെ ഇറിറ്റേറ്റ് ചെയ്യും. അലൈപായുതേയുടെ റിവ്യൂസ് പുറത്തുവരാനായി ഞാൻ ഒരാഴ്ച കാത്തിരിന്നിട്ടുണ്ട്. അപ്പോഴേക്കും ആ സിനിമയുടെ വിധി പ്രേക്ഷകർ തീരുമാനിച്ചിട്ടുണ്ടാകും. ഇന്ന് ഒരു സിനിമ പുറത്തിറങ്ങും മുൻപ് തന്നെ റിവ്യൂസ് വരുകയാണ്’, മാധവന്റെ വാക്കുകൾ.
മാധവന് പുറമെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന വലിയൊരു താരനിര തന്നെ ജിഡിഎന്നിലുണ്ട്. സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണകുമാർ രാമകുമാർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2022 ഇൽ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു ശാസ്ത്രജ്ഞന്റെ ജീവചരിത്ര സിനിമയുമായി എത്തുന്നു എന്ന പ്രത്യേകതയും ‘ജി.ഡി.എൻ’ ചിത്രത്തിനുണ്ട്. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും, മാധവനും ഭാര്യ സരിതയും ചേർന്നുള്ള ട്രൈ കളർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉർവശി തിയേറ്റേർസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പി ആർ ഓ : ഐശ്വര്യ രാജ്.
