റോബിന്‍ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന റോബിന്‍ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്‍ടെന്റ് ക്രീയേറ്റര്‍ വേദ് ലക്ഷ്മി, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ഹണി ട്രാപ്പില്‍ കുരുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്ന് വേദ് ലക്ഷ്മി ആരോപിച്ചു. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭില്‍ദേവ് പറയുന്നത്. ചെറിയ ചെറിയ തുകകള്‍ വാങ്ങിയശേഷം തിരികെ തന്ന് വിശ്വാസം ഉണ്ടാക്കിയെന്നും പിന്നീട് പലപ്പോഴായി വലിയ തുകകള്‍ വാങ്ങിയെന്നുമാണ് ആരോപണം.

സൗഹൃദത്തിന്റെ പേരിലാണ് പണം നല്‍കിയത്. തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കാന്‍ പോലും റോബിന്‍ ഹാജരായില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഇടപെട്ടു. പണം തിരികെ നല്‍കാന്‍ റോബിന് സമയം കൊടുക്കണം എന്നാണ് എസ് സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ എത്തിയത് സാമ്പത്തിക ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന റോബിന്റെ ഒരു ശബ്ദ സന്ദേശം വേദ് ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.

പാര്‍ട്ടി ആശയങ്ങളെക്കുറിച്ച് അറിവില്ലെന്നും സ്ഥാനാര്‍ഥിയായാല്‍ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുമെന്നുമുള്ള രീതിയിലുള്ള സംഭാഷണങ്ങളാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് റോബിന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വേദ് ലക്ഷ്മിക്കെതിരെ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *