തിരുവനന്തപുരം: ഓണക്കാലത്ത് ഗാര്‍ഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്രമന്ത്രിക്ക് കത്തയച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്കാണ് അനൂപ് ജേക്കബ് കത്തയച്ചിരിക്കുന്നത്. നിലവില്‍ ഗാര്‍ഹിക ഇന്ധന ബുക്കിങിനുള്ള കാത്തിരിപ്പ് കാലയളവ് ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും നഗരപ്രദേശങ്ങളില്‍ 25 ദിവസവുമാണ്.
ഓണക്കാലത്ത് പാചക വാതകത്തിന് ആവശ്യകത കൂടുന്നതിനാല്‍ ഈ സമയവ്യത്യാസം പ്രതികൂലമായി ബാധിക്കും. എല്‍പിജി ക്ഷാമം ഒഴിവാക്കാന്‍ സംസ്ഥാനത്ത് ഗ്യാസ് റീഫില്‍ ബുക്കിങിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടനടി പിന്‍വലിക്കണമെന്നും മന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. എല്‍പിജി ലഭ്യത ഏറ്റവും ആവശ്യമുള്ള ഉത്സവ സീസണില്‍ വീടുകളില്‍ ശരാശരി ഉപയോഗത്തേക്കാള്‍ കൂടുതല്‍ പാചക വാതകം ആവശ്യമാണെന്നും ഉത്സവകാലം ചെലവഴിക്കാന്‍ ദൂരെ നിന്നുപോലും ആളുകള്‍ എത്തുന്ന സമയമാണിതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
