സ്കൂളുകളിൽ കുടിവെള്ളവും ശൗചാലയവുമില്ലെങ്കിൽ വിഡിയോ എടുത്ത് അയക്കാം; പുതിയ പ്രചാരണത്തിന് സിജെപി

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഓഗസ്റ്റ് 15 മുതൽ രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിടുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ. രക്ഷിതാക്കളുടെ നേതൃത്വത്തിൽ സോഷ്യൽ ഓഡിറ്റിങ് നടത്താനും ഗ്രാമമുഖ്യന്മാർ സ്കൂളുകളുടെ വികസനം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷനെ നേരിട്ടുകണ്ട് അഭ്യർത്ഥിച്ചുകൊണ്ട് താൻ തന്നെ പദ്ധതിക്ക് തുടക്കമിടുമെന്ന് വീഡിയോ സന്ദേശത്തിൽ അഭിജിത് വ്യക്തമാക്കി.

‘ഓഗസ്റ്റ് 15 നമ്മുടെ 80-ാം സ്വാതന്ത്ര്യദിനമാണ്. എന്നാൽ കഴിഞ്ഞ എട്ടുപതിറ്റാണ്ടിനിടെ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് നമ്മുടെ ഗ്രാമങ്ങളിലെ സർക്കാർ വിദ്യാലയങ്ങളാണ്. പുതിയ പാർലമെന്റും പുതിയ പ്രധാനമന്ത്രിയുടെ വസതിയും പണിയാൻ കഴിഞ്ഞ നമ്മൾക്ക് എന്തുകൊണ്ട് ഗ്രാമങ്ങളിൽ നല്ല സ്കൂളുകൾ നിർമിക്കാൻ കഴിയുന്നില്ല? കർഷകരുടെയും തൊഴിലാളികളുടെയും മക്കളെ രാജ്യത്തിന്റെ ഭാവിയായി നമ്മൾ കാണുന്നില്ലേ എന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നു. കുടിവെള്ളവും ശൗചാലയവും പോലുമില്ലാത്ത അവസ്ഥയിലാണ് പല ഗ്രാമീണ വിദ്യാലയങ്ങളെന്നും ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അഭിജിത് ദിപ്കെ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *