യാംബു: സൗദി അറേബ്യയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) ഉപയോഗത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധനവ്. സൗദി കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.എസ്.ടി) ആണ് ഇക്കാര്യം അറിയിച്ചത്. ‘2026 ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വർഷമായി’ ആചരിക്കുന്ന രാജ്യത്ത് ഇൻറർനെറ്റ് ഉപയോക്താക്കളിൽ 45.2 ശതമാനം പേരും എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.
സ്ത്രീകളിൽ 52.8 ശതമാനവും പുരുഷന്മാരിൽ 39.4 ശതമാനവുമാണ് ഉപയോഗ നിരക്ക്. യുവാക്കളിലാണ് എ.ഐ ഉപയോഗം കൂടുതൽ; 20-29 പ്രായക്കാരിൽ 55.7 ശതമാനം, 10-19 പ്രായക്കാരിൽ 53.4 ശതമാനം, 50-59 പ്രായക്കാരിൽ 27.4 ശതമാനം, 60-74 പ്രായക്കാരിൽ 14.8 ശതമാനം എന്നിങ്ങനെയാണിത്. പ്രവിശ്യകളിൽ തബൂക്ക് (58.5 ശതമാനം), കിഴക്കൻ പ്രവിശ്യ (53.8 ശതമാനം) എന്നിവ മുന്നിലും ജിസാൻ (30.7 ശതമാനം) പിന്നിലുമാണ്.
വിവരങ്ങൾ തിരയൽ (80.8 ശതമാനം), പുതിയ ആശയങ്ങൾ (40.1 ശതമാനം), പഠനം (37.7 ശതമാനം), ചിത്ര/വീഡിയോ നിർമാണം (25.7 ശതമാനം), ഭാഷാ വിവർത്തനം (25.1 ശതമാനം), ഔദ്യോഗിക ജോലി (17.3 ശതമാനം) എന്നിവയ്ക്കാണ് ആളുകൾ പ്രധാനമായും എ.ഐ പ്രയോജനപ്പെടുത്തുന്നത്. ചാറ്റ് ജി.പി.ടിയാണ് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടത്; ഗൂഗിൾ ജെമിനി, ഡീപ് സീക്ക്, സൗദിയുടെ തദ്ദേശീയ ആപ്പായ ‘ഹുമൈൻ’ എന്നിവയും ജനപ്രിയമാണ്.
60-74 പ്രായക്കാരുടെ ഇൻറർനെറ്റ് ഉപയോഗം 2024-ലെ 88.9 ശതമാനത്തിൽനിന്ന് 2025-ൽ 92.8 ആയി ഉയർന്നു. ഇൻറർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻറെ 2025-ലെ ഡിജിറ്റൽ സന്നദ്ധതാ സൂചികയിൽ സൗദി ഒന്നാം സ്ഥാനം നേടിയിരുന്നു. വിഷൻ 2030-ൻറെ ഭാഗമായി ഏഴ് വർഷം കൊണ്ട് എ.ഐ രംഗത്ത് വൻ നേട്ടമുണ്ടാക്കിയ സൗദി, സാമ്പത്തിക വളർച്ചയിലും ഗവൺമെൻ്റ് കാര്യക്ഷമതയിലും എ.ഐ ശക്തമായി പ്രയോജനപ്പെടുത്തുന്നു.
