വിജയ്​യുടെ ശൂന്യത നികത്താൻ യോഗ്യൻ അദ്ദേഹം ; രവി ശങ്കർ

സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണ്ടും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. ആഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ സിനിമയുടെ പ്രചാരണ പരിപാടികളിലൊന്നിൽ സൂര്യയെക്കുറിച്ച് തെലുങ്ക് ചലച്ചിത്ര നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുകയാണ്. തമിഴ് സിനിമയിൽ വിജയ് വരുത്തിയ വിടവ് നികത്താൻ സൂര്യയ്ക്ക് മാത്രമേ കഴിയൂവെന്ന് രവി ശങ്കർ പറഞ്ഞു.

‘തമിഴ്നാട് ബോക്സോഫീസിൽ നിന്നു മാത്രം കറുപ്പ് നേടിയ ഷെയർ 83 കോടി രൂപയാണ്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. കറുപ്പ് ഒരു വമ്പൻ വിജയമായിരുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഒരു നല്ല നേതാവിന്റെ കുറവുണ്ടായിരുന്നു. വിജയ് മുഖ്യമന്ത്രിയായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ വിജയ് അഭിനയം നിർത്തിയതോടെ തമിഴ്സിനിമയുടെ മുൻനിരയിൽ ഒരു ശൂന്യത ഉണ്ടായിട്ടുണ്ട്. ആ വിടവ് നികത്താൻ ഏറ്റവും യോഗ്യൻ സൂര്യയാണ്,’ രവിയുടെ വാക്കുകൾ.ആദ്യ ദിനം ചിത്രം മികച്ച ഓപ്പണിങ് നേടുമെന്നാണ് കണക്കുകൂട്ടൽ. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’യുടെ ലിറിക്കല്‍ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. നായികയായ മമിത ബൈജുവിന്റെ നൃത്തമാണ് ഈ ചടുലമായ പ്രണയ ഗാനത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *