പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയെ വിമര്‍ശിച്ച് നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് എന്നും വിവേക് ഗോപൻ പറഞ്ഞു.
” രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കെതിരെ ജന്മോണി നടത്തിയ അപമര്യാദയുള്ള പരാമർശങ്ങൾ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിൽ വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആ അവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്.രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. പക്ഷേ ഭരണഘടനാപരമായ ഉന്നത പദവികളോട് ബഹുമാനം പുലർത്തേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ ജാൻമണിക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമപ്രകാരം അന്വേഷണം നടത്തി, നിയമലംഘനം കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. നിയമത്തിന് മുകളിൽ ആരുമില്ല എന്ന സന്ദേശം വ്യക്തമായിരിക്കണം. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. അതോടൊപ്പം നിയമവും പൊതുമര്യാദയും ഒരുപോലെ സംരക്ഷിക്കപ്പെടണം”, വിവേക് ഗോപന്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിമർശനങ്ങൾ ശക്തമായതിനെത്തുടർന്ന്, താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണിദാസ് രംഗത്തെത്തിയിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ”പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടൻ്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. ചിലപ്പോൾ ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എൻ്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായതെന്നും”, ജാൻമണി കൂട്ടിച്ചേർത്തു.
