ദൃശ്യം 3 ആദ്യം എവിടെ കാണാം

കൊച്ചി: ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകർക്ക് തൊട്ട് അയൽപക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് എത്തിയത്. എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോർജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങൾ ആയിരിക്കും. ദൃശ്യത്തിൽ നിന്നും ദൃശ്യം 3 ൽ എത്തുമ്പോൾ പിന്നിട്ട കാലയളവിന്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ചിത്രത്തിൻറെ വൻ വിപണിമൂല്യം മുന്നിൽ കണ്ട് ബോളിവുഡിലെ വമ്പൻ സ്റ്റുഡിയോകളും ആശിർവാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ൻറെ ഭാഗമാവുന്നുണ്ട്. ദൃശ്യം 3 ഹിന്ദി പതിപ്പിൻറെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിൻറെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനർ ആയ പെൻ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിർവാദ് സിനിമാസിൽ 100 കോടി മുതൽമുടക്കുന്നുമുണ്ട്.

എന്നാൽ വലിയ പ്രതീക്ഷകളില്ലാതെ തിയറ്ററുകളിലേക്ക് എത്തണമെന്നാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് പറഞ്ഞിരിക്കുന്നത്. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോർജുകുട്ടിയുടെ ഇമോഷനുകളിൽക്കൂടിയാണ് അതിൽ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങൾ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാൽ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോൺഫിഡൻസ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാൻ വന്നാൽ എനിക്കറിയില്ല. കാരണം ഞാൻ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‍നം അതാണ്. കാരണം വലതുവശത്തെ കള്ളനെയും പലരും താരതമ്യം ചെയ്യുന്നത് മെമ്മറീസും ദൃശ്യവും ഒക്കെയായിട്ടാണ്. മുൻവിധികളില്ലാതെ വന്ന് സിനിമ കാണണമെന്ന് ജിത്തു ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *