ന്യൂഡല്‍ഹി: എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്കൊപ്പം ചേര്‍ന്ന് ഗൂഗിളും. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഡൂഡില്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഇന്ത്യന്‍ തുണിത്തരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വര്‍ണ്ണാഭമായ ഡിസൈനാണ് ഡൂഡിലിന് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, പാരമ്പര്യം, വൈവിധ്യം എന്നിവയെ എടുത്തുകാണിക്കുന്നതാണിത്.ഇന്ത്യയുടെ സമ്പന്നമായ സംസ്കാരിക പാരമ്പര്യം അടിസ്ഥാനമാക്കിയും ഇന്ത്യയുടെ പരമ്പരാഗത തുണിത്തരങ്ങളില്‍ നിന്ന് പ്രചേദനം ഉള്‍ക്കൊണ്ടുമുള്ള ലോഗോ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.
സുപരിചിതമായ ഗൂഗിള്‍ അക്ഷരരൂപത്തിന് തനതായ ഒരു ഇന്ത്യന്‍ ശൈലി നല്കുന്ന ഈ കലാസൃഷ്ടി, രാജ്യത്തിന്റെ വര്‍ണ്ണാഭമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ഗൂഗിളിന് വലിയ ഉപഭോക്തൃ ശക്തിയുള്ള ഇന്ത്യയില്‍ അവരെ പരിഗണിച്ചുള്ള നീക്കമാണ് ഗൂഗില്‍ നടത്തിയിരിക്കുന്നത്. രാജ്യം ഇന്ന് എണ്‍പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ദേശീയ പതാക ഉയര്‍ത്തിയും രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം വിളിച്ചോതിയും ആഘോഷങ്ങള്‍ രാജ്യമാകെ സംഘടിപ്പിക്കപ്പെടുകയാണ്. അതിന് ഒരു ഡിജിറ്റല്‍ പിന്തുണയാണ് ഇപ്പോള്‍ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.
അതേസമയം 2026ലെ ദേശീയ ആഘോഷങ്ങള്‍ ‘വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം’ ആചരിക്കുന്നതിനൊപ്പം ‘വികസിത് ഭാരത് @ 2047നായി യുവശക്തി’ എന്ന പ്രമേയത്തിനും ഊന്നല്‍ നല്‍കുന്നതാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.2047-ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമെത്തുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതില്‍ രാജ്യത്തെ യുവതലമുറ വഹിക്കുന്ന നിര്‍ണായക പങ്കിനെ ഈ പ്രമേയം എടുത്തുകാണിക്കുന്നു. സാങ്കേതിക പുരോഗതി, ഹരിത ഊര്‍ജ്ജത്തിലേക്കുള്ള മാറ്റം, പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത, യുവാക്കളുടെ നൂതനാശയങ്ങള്‍ എന്നിവയാണ് ഇതിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, സ്വാതന്ത്ര്യസമരകാലത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെ ആദരിക്കാനും ഈ ആഘോഷങ്ങള്‍ അവസരമൊരുക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്.
