വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് ആമി

കൊച്ചി: പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ആമി ഇനി അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും ചുവട് വെക്കുന്നു. ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അമാനയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതു ജീവനേകിയത്.

മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനക്ക് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഹൃദയസംബന്ധമായ തകരാർ കണ്ടെത്തിയത്. ഹൃദയത്തിന്റെ വലതു വശത്തെ അറകൾ ക്രമാതീതമായി വികസിക്കുന്ന അസുഖമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. അഞ്ച് വർഷത്തോളം മരുന്നുകൾ കൊണ്ട് ചികിത്സ മുന്നോട്ട് കൊണ്ടുപോയെങ്കിലും പിന്നീട് ആരോഗ്യം മോശമായതിനാൽ ഹൃദയം മാറ്റിവയ്ക്കലാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ലിസി ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ സംവിധാനമായ കെ-സോട്ടോയിൽ രജിസ്റ്റർ ചെയ്തെങ്കിലും ഹൃദയം വേഗത്തിൽ ലഭിക്കുവാനുള്ള സാധ്യത തേടി ചെന്നൈയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഏപ്രിൽ 8 ന് രാത്രിയോടെ കെ-സോട്ടോയിൽ നിന്നും അവയവദാനത്തിന്റെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അമാനയുടെ മാതാപി താക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അവർ വിമാന മാർഗ്ഗം ചെന്നൈയിൽ നിന്നും രാവിലെ ലിസി ആശുപത്രിയിൽ എത്തിച്ചേർന്നു. 9 ന് പുലർച്ചെ നാലുമണിയോടെ ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുൺ ജോർജ് എന്നിവരുടെ നേത്യത്വത്തിലുള്ള മെഡിക്കൽ സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും അവിടെയെത്തി വൈകാതെ തന്നെ ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.

ശസ്ത്രക്രിയ പൂർത്തിയാക്കി സംസ്ഥാന സർക്കാർ വാടകക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററിൽ ഉച്ചക്ക് 1.45 ന് തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി പുറപ്പെട്ട മെഡിക്കൽ സംഘം 2.40 ന് ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപ്പാടിൽ എത്തിച്ചേരുകയും പോലീസ് സേന ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ നാല് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിൽ എത്തി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. 5.30-ഓടെ ഹൃദയം വീണ്ടും സ്പന്ദിച്ചു തുടങ്ങി. 9 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി ആമി പുതുജീവിതത്തിക്ക് കടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *