തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷിയോഗം പാസാക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്താങ്ങി. ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും യോഗത്തിൽ സന്നിഹിതരായിരുന്നു.
നിരീക്ഷകരും ദീപാ ദാസ് മുൻഷിയും കോൺഗ്രസ് എംഎൽഎമാരുമായുള്ള ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ചയാണ് ഇനി നടക്കാനുള്ളത്. ഈ കൂടിക്കാഴ്ചയിൽ എംഎൽഎമാർ ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കും. മണ്ഡലത്തിലെ ചില ആവശ്യങ്ങൾക്ക് മടങ്ങേണ്ടതിനാൽ പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മനാണ് മാക്കനും വാസ്നിക്കും ദീപാ ദാസ് മുൻഷിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയത്. നിരീക്ഷകരും എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് നേരത്തെ സതീശൻ ക്യാമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.
