തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ചകൾ നടത്താനാണ് യുഡിഎഫിന്‍റെ തീരുമാനം. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി ഇല്ലാതെ വില്പന നടക്കില്ലെന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്.
മദ്യ നികുതിയിളവ് വേണ്ടെന്ന് തന്നെയാണ് മുസ്ലീം ലീഗിന്റെ നിലപാട്. യുഡിഎഫ് യോഗത്തിൽ ലീഗ് നിലപാട് അറിയിക്കും. അതേസമയം നികുതി ഘടന പിൻവലിക്കാത്തത് സർക്കാരിനെതിരെ വീണ്ടും ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ശക്തമായ എതിർപ്പ് മൂലം മദ്യനയത്തിലെ അന്തിമ തീരുമാനം യുഡിഎഫിന് വിട്ടെങ്കിലും വിവാദമായ നികുതി കുറക്കൽ പിൻവലിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ വിൽപ്പന നികുതിയെന്ന നിര്‍ദ്ദേശം പിന്‍വലിക്കാതെയാണ് മുഖ്യമന്ത്രി വിൽപന അനുമതിയിൽ തീരുമാനം യുഡിഎഫിന് വിട്ടത്.
മത മേലധ്യക്ഷന്മാരടക്കം എതിരായതോടെയാണ് വിൽപ്പനാനുമതി യുഡിഎഫിനോട് തേടുന്നത്. യു ടേൺ എന്ന് തോന്നിപ്പിക്കുമ്പോഴും വിവാദമായ നികുതിഘടന പിൻവലിക്കുന്നില്ല. യുഡിഎഫ് അനുമതി കിട്ടിയാൽ ബജറ്റ് നിര്‍ദ്ദേശിച്ച നികുതിയാകും ചുമത്തുകയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
