കാസര്‍കോട്: കാസര്‍കോട് സ്കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെന്ഷന്. അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. കുമ്പള എയുപിഎസ് സ്കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. തെറ്റിദ്ധാരണ പരത്തുന്ന ചോദ്യം തയ്യാറാക്കിയത് ഗൗരവതരമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. തയ്യാറാക്കിയത് ചരിത്രത്തിന്റെ ബലമില്ലാത്ത ചോദ്യം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് ചോദ്യം തയ്യാറാക്കിയതെന്നാണ് അധ്യാപകന് നല്കിയ വിശദീകരണം.
തനിക്ക് മറ്റ് രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ക്വിസ് മത്സരം പ്രാദേശിക പരിപാടിയാണെന്നും വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്നുമായിരുന്നു മന്ത്രി നല്‍കിയിരുന്ന വിശദീകരണം. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്കിയ ചോദ്യാവലിയായിരുന്നു വിവാദമായത്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവര്‍ക്കര്‍ എന്ന് നല്‍കിയിരുന്നത്.
എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്ര വിരുദ്ധമായ ചോദ്യം ഉള്‍പ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന് ചുമതലയുള്ള അധ്യാപകര്‍ ചേര്‍ന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കര്‍ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്തിയിരുന്നത്. ചോദ്യാവലി തയ്യാറാക്കുന്നതിന് പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉപജില്ലകളില്‍ ഉണ്ടായിരുന്നു. ഇവരുടെ അറിവോടെ തന്നെയാണ് ചോദ്യം ഉള്‍പ്പെട്ടതെന്ന് വിവരമുണ്ടായത്. സംഭവം വിവാദമായതിന് പിന്നാലെ എഇഒയോട് കാസര്‍കോട് ജില്ലാ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
