ബാരാമതിയിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു

പൂനെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിൽ പരിശീലന പറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടു. റൺവേയിൽ നിന്ന് തെന്നിനീങ്ങിയാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുവരും സുരക്ഷിതരാണെന്നും വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് സംഭവം. പരിശീലന പറക്കലിനായുള്ള സ്വകാര്യ കമ്പനിയുടെ VT-SEX വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ ഇത് പരാജയപ്പെടുകയും പിന്നാലെ റൺവേയിൽ നിർത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് വിമാനം റൺവേയുടെ പുറത്തേക്ക് തെന്നിമാറി തകർന്നുവീണത്.ക്യാപ്റ്റൻ ചിരാ​ഗ് ശശികാന്ത്, കേഡറ്റ് അഭിജിത് ജുന്ദ്ര എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കുകളൊന്നും ഇല്ലെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായ സന്ദീപ് സിങ് ​ഗിൽ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിൽ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ അടക്കം അഞ്ചുപേർ മരിച്ചത്. ഇതിനുപിന്നാലെ ബാരാമതിയിൽ മറ്റൊരു സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം തകർന്നുവീണ സംഭവവുമുണ്ടായി. മേയ് 13-നായിരുന്നു ഈ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *