രാജ്യത്തെ യുവജനത കടുത്ത തൊഴിലില്ലായ്മ നേരിടുകയാണെന്ന് രാഹുൽ ഗാന്ധി

ലഖ്നൗ: രാജ്യത്തെ യുവജനത കടുത്ത തൊഴിലില്ലായ്മ നേരിടുകയാണെന്നും, കയ്യിലൊരു ബിരുദമുണ്ടെന്നത് കൊണ്ട് മാത്രം ഇനി ജോലി ലഭിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ യുവാക്കളുമായി സംവദിക്കവെയാണ് രാജ്യത്തെ തൊഴിൽ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം രൂക്ഷമായ ആശങ്ക പ്രകടിപ്പിച്ചത്. ഇന്ത്യയിലെ യുവാക്കൾക്ക് മുന്നിലുള്ള അവസരങ്ങളുടെ വാതിലുകൾ അടയുകയാണ്. ഒരുകാലത്ത് തൊഴിൽ ഉറപ്പുനൽകിയിരുന്ന ബിരുദങ്ങൾ ഇന്ന് വെറും കടലാസുകളായി മാറുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം നേരിടുന്ന ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളുണ്ട്. കുതിച്ചുയരുന്ന വിദ്യാഭ്യാസച്ചെലവാണ് ഇതിൽ പ്രധാനം. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പോലും അപ്രാപ്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതോടൊപ്പം രാജ്യത്തെ നിർമ്മാണ മേഖലയുടെ തകർച്ചയും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിലെ തടസ്സങ്ങളും തൊഴിലവസരങ്ങൾ ഇല്ലാതാക്കി. സർക്കാരിന്റെ നയങ്ങൾ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതാണ് പുതിയ തൊഴിലുകൾ ഉണ്ടാകാതിരിക്കാൻ കാരണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണമാണ് തൊഴിൽ നഷ്ടത്തിന് ആക്കം കൂട്ടിയ മറ്റൊരു ഘടകമെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. സ്ഥിരതയുള്ള ജോലികൾ ഇല്ലാതാക്കാനും തൊഴിൽ സുരക്ഷിതത്വം കുറയ്ക്കാനും സ്വകാര്യവൽക്കരണം കാരണമായെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഈ ഘടകങ്ങളെല്ലാം ചേർന്നാണ് ഇന്ത്യൻ യുവതയുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *