മഴ വരുന്നുണ്ടേ, സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ നാൽപത് മുതൽ അമ്പത് കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം, തുറസായ സ്ഥലങ്ങളിൽ തുടരരുത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. ഇവയ്ക്ക് അടുത്ത് നിൽക്കരുത്. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യവും ഒഴിവാക്കണം.മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയം പോകാൻ പാടില്ല. മിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കാനും കാഴ്ചയോ കേൾവിയോ നഷ്ടമാകാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *