റിയാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കാതെ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാൻ ചർച്ച നടത്തി ഇറാൻ-സൗദി വിദേശകാര്യ മന്ത്രിമാർ. ബുധനാഴ്ച ആയിരുന്നു ചർച്ച. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ജിയും തമ്മിൽ ടെലിഫോണിൽ ആശയവിനിമയം ആണ് നടത്തിയത്.
വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള പ്രായോഗിക നയതന്ത്ര നീക്കങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം നൽകിയത്. കൂടാതെ, മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സ്ഥിതിഗതികൾ ഇരുനേതാക്കളും വിശദമായി വിലയിരുത്തി. മേഖലയിൽ സുസ്ഥിരമായ സുരക്ഷാ സാഹചര്യം ഒരുക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും വരുംദിവസങ്ങളിൽ തുടരണമെന്ന കാര്യത്തിൽ മന്ത്രിമാർ ധാരണയിലെത്തി.
