ലക്നൗ: 2027 ലെ നിയമസഭ തെരഞ്ഞെടുപ്പിന മുന്നോടിയായി യുപി നിയമസഭയില്‍ വൻ അഴിച്ചുപണി. പുതിയതായി ആറ് മന്ത്രിമാര്‍ ഞായറാഴ്ച വൈകിട്ടോടെ സത്യപ്രതിജ്ഞ ചെയ്യും. 2027ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രിസഭയില്‍ യോഗി സര്‍ക്കാര്‍ അഴിച്ചുപണി നടത്തുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ചിരുന്നു. ആറ് മന്ത്രിമാര്‍ അധികാരമേല്‍ക്കുമ്പോള്‍ നിലവിലുള്ള മന്ത്രിമാരുടെ ചുമതലകളിലും മാറ്റം വരുന്നുണ്ട്. ലഖ്നൗവില്‍ ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് മന്ത്രിസഭ വിപുലീകരണം നടക്കുക. ഭൂപേന്ദ്ര ചൗധരി, മനോജ് പാണ്ഡെ, പൂജ പാല്, ഹാന്‍സ് രാജ് വിശ്വകര്‍മ, കൃഷ്ണ പാസ്വാന്, സുരേഷ് പാസ്വാന് എന്നിവരാകും പുതിയ മന്ത്രിസഭയിൽ ഉണ്ടാകുകയെന്നാണ് വിവരം.
അതേസമയം സ്വതന്ത്ര ചുമതല വഹിക്കുന്ന ഒരു സഹമന്ത്രിയെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തുമെന്നും വിവരമുണ്ട്. 2027ല്‍ നടക്കുന്ന യുപി നിയസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജാതി, പ്രാദേശിക പ്രാതിനിധ്യം എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഈ മാറ്റം എന്നാണ് റിപ്പോർട്ടുകൾ.
മന്ത്രിസഭയിലേക്ക് എത്തുന്ന ഭുപേന്ദ്ര ചൗധരി ജാട്ട് ഒബിസി നേതാവാണ്. യുപി മുന്‍ ബിജെപി അധ്യക്ഷനായ അദ്ദേഹം നിലവില്‍ എംഎല്‍സിയാണ്. റായ്ബറേലിയിലെ ഉന്‍ചാഹര്‍ നിന്നുള്ള ജനപ്രതിനിധിയായ മനോജ് പാണ്ഡെ എസ് പി വിമതനായ ശേഷമാണ് ബിജെപി ക്യാമ്പിലെത്തിയത്.അഴിച്ചുപണിയിലൂടെ മന്ത്രിസഭയിലെത്തുന്ന പൂജ പാല് സമാജ് വാദി പാര്‍ട്ടി വിമത നേതാവായിരുന്നു. പൂജ നിലവില്‍ കൗസംബിയിലെ ചായല്‍ മണ്ഡലത്തിലെ എംഎല്‍എയാണ്.
പാഴ്സി വിഭാഗത്തില്‍ നിന്നുള്ള രണ്ട് പേരും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് സി നേതാവായ കൃഷ്ണ പാസ്വാന്, സുരേഷ് പാസ്വാന് എന്നിവരെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. നിലവില്‍ 54 മന്ത്രിമാരാണ് യുപി സര്‍ക്കാരിന്റെ ഭാഗമായുള്ളത്. അനുവദനീയമായ ക്യാബിനറ്റ് അംഗബലം 60ആണ്. 2017ലാണ് അഖിലേഷ് യാദവ് നയിച്ച സമാജ്വാദി പാര്‍ട്ടിയുടെ സര്‍ക്കാരിനെ പുറത്താക്കി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. 2022 വീണ്ടും സംസ്ഥാനത്തെ ഭരണം പിടിച്ചെങ്കിലും 2024ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ അഴിച്ചുപണിയിലേക്ക് പോകുന്നത്. 403 അംഗ യുപി നിയസഭയില്‍ ബിജെപിക്ക് നിലവില്‍ 255 എംഎല്‍എമാരാണുള്ളത്.
