കൊല്ലം: സി.പി.ഐ. കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം. കഴിഞ്ഞ സമ്മേളനത്തിൽ രൂപവത്കരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന ഘടകം എന്തിനാണെന്ന് മുതിർന്ന നേതാവ് ചോദിച്ചു. പാർട്ടിയിൽ തിരുത്തൽ തുടങ്ങേണ്ടത് താഴെ ഘടകത്തിൽനിന്നല്ല മുകളിൽനിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ പാർട്ടി സി.പി.എമ്മിൽ ലയിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന നേതാവ് പറഞ്ഞപ്പോൾ മറ്റുള്ളവർ മിണ്ടാതിരുന്നു. ജില്ലാ നേതൃത്വവുമായി അടുപ്പംപുലർത്തുന്ന കിഴക്കൻമേഖലയിലുള്ള കൗൺസിൽ അംഗവും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതായാണ് വിവരം.
തിരഞ്ഞെടുപ്പ് വിശകലനം എന്ന അജൻഡ ഉൾപ്പെടുത്താതെ മെമ്പർഷിപ്പ് അടക്കമുള്ള വിവരങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന നേതൃയോഗത്തിലാണ് മുതിർന്ന നേതാവ് ഇങ്ങനെ പ്രതികരിച്ചത്. മറ്റുള്ളവർ ആരും തിരഞ്ഞെടുപ്പ് വിവരങ്ങൾ യോഗത്തിൽ ഉന്നയിച്ചില്ലെന്നാണ് അറിയുന്നത്. സംസ്ഥാന നേതൃത്വവുമായി സമീപകാലത്തായി ഭിന്നതയിലുള്ള മുതിർന്ന നേതാവാണ് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ജൂൺ മൂന്ന്, നാല് തീയതികളിൽ ജില്ലാ എക്സിക്യുട്ടീവും കൗൺസിലും ചേരാൻ തീരുമാനിച്ചു.
