ദുബായിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ഒരു മരണം

ദുബായ് : അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികളുടെ ബസിൽ ട്രക്കിടിച്ച് ഒരാൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. എമിറേറ്റ്‌സ് റോഡ് ദിശയിലേക്കുള്ള ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപത്തായാണ് അപകടമുണ്ടായത്. സാങ്കേതികത്തകരാർ കാരണം ബസ് നടുറോഡിൽ നിർത്തിയതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. ട്രക്ക് ഡ്രൈവർ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടു. അപകടത്തെത്തുടർന്ന് ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനും വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതിനും ട്രാഫിക് പട്രോളിങ്ങും അന്വേഷണ സംഘങ്ങളും നേതൃത്വം നൽകി. മരിച്ചവരെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *