ഡൽഹി : കോവിഡ് മരണം സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന. 2020-നും 2023-നും ഇടയിൽ കോവിഡും അനുബന്ധപ്രശ്നങ്ങളും മൂലം ലോകമെമ്പാടും ഏകദേശം 22.1 ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹാമാരി കാലയളവിലെ മരണങ്ങൾ സംബന്ധിച്ച് രാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് ഏകദേശം 70 ലക്ഷം മരണങ്ങൾ മാത്രമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
കോവിഡ് ബാധിച്ചുള്ള മരണങ്ങൾക്കൊപ്പം മഹാമാരിയുമായി പരോക്ഷമായി ബന്ധപ്പെട്ട മരണങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതുകൊണ്ടും വൈദ്യസഹായം വൈകിയതുകൊണ്ടും ആരോഗ്യ പ്രവർത്തകർ ലഭ്യമല്ലാതിരുന്നതുകൊണ്ടും ലോക്ക്ഡൗണായതിനാൽ ചികിത്സ ലഭിക്കാതെ വന്നതുകൊണ്ടും സംഭവിച്ച മരണങ്ങളെയാണ് പരോക്ഷ മരണങ്ങളായി കണക്കാക്കിയിരിക്കുന്നത്.
