ലീ​ഗിന്റെ സഹായമില്ലാതെ തന്നെ വി.ഡി സതീശന് മുഖ്യമന്ത്രിയാകാം: സജി ചെറിയാൻ

പത്തനംതിട്ട: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയത് മുസ്ലിം ലീ​ഗിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ. ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി .ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്. ഭൂരിപക്ഷ വർഗീയത വളർത്താൻ ലീഗിനെ ഉപയോഗിച്ചാൽ അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വർഗീയ വിഭജനം നടത്താൻ മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായി നീങ്ങുകയാണ് ബിജെപി. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ആസൂത്രിതമായി ശ്രമിക്കുന്നു. ഇതിനായി മുസ്‌ലിം ലീഗിനെ കരുവാക്കാനാണ് ബിജെപിയുടെ ശ്രമം. മുഖ്യമന്ത്രിയെ തീരുമാനിച്ചത് ലീഗിൻ്റെ സമ്മർദ്ദം മൂലമാണെന്ന വാദം ശരിയല്ല. മുസ്‌ലിം ലീഗിന് അവരുടേതായ താൽപ്പര്യങ്ങൾ കാണും. എന്നാൽ ലീഗിൻ്റെ സഹായമില്ലാതെ തന്നെ കോൺഗ്രസിന് ഭരിക്കാൻ സാധിക്കും. പിന്നെ എന്തുകൊണ്ടാണ് ലീഗിൻ്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു.

ലീഗിലും ബിജെപിയിലും മതമൗലികവാദികളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. സമുദായ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗിൻ്റെ പ്രകടനം അംഗീകരിക്കാനാവില്ല. അത്തരം മുദ്രാവാക്യങ്ങൾ വിളിച്ചവർക്കെതിരെ നടപടിയെടുത്തത് നല്ല കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിൻ്റെ മതനിരപേക്ഷത തകർക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കുമെന്നും രാഷ്ട്രീയമായ തിരിച്ചടികളെ ഗൗരവത്തോടെ കണ്ട് തിരുത്തലുകൾ വരുത്തുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *