ദുബായ് : ആഗോള വ്യോമയാന മേഖലയിൽ പുതിയ ചരിത്രമെഴുതി എമിറേറ്റ്സ് എയർലൈൻ ദുബായ് സൗത്തിൽ (ഡി.ഡബ്ല്യു.സി. എയർപോർട്ട്) തറക്കല്ലിട്ടത് ലോകത്തിലെ ഏറ്റവുംവലിയ എൻജിനിയറിങ്-വിമാന പരിപാലന സമുച്ചയത്തിന്. 5.1 ബില്യൺ ഡോളർ (ഏകദേശം 18.7 ബില്യൺ ദിർഹം) ചെലവഴിച്ചു നിർമിക്കുന്ന ഈ വമ്പൻ പദ്ധതിയിലൂടെ മെക്കാനിക്കുകൾ, എൻജിനിയർമാർ, അഡ്മിനിസ്ട്രേറ്റർമാർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങി വിവിധമേഖലകളിലായി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് യു.എ.ഇ.യിലും അന്താരാഷ്ട്ര തലത്തിലും സൃഷ്ടിക്കപ്പെടുക. എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപ്പറേഷൻ (സി.ആർ.സി.സി.) ചെയർമാൻ ദായ് ഹെഗൻ എന്നിവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പദ്ധതിയുടെ കരാറുകൾ ഒപ്പുവെച്ചതും തറക്കല്ലിടൽ കർമം നിർവഹിച്ചതും. സി.ആർ.സി.സി.ക്കാണ് നിർമാണച്ചുമതല. ആർട്ടെലിയ ആണ് പ്രോജക്ട് കൺസൾട്ടന്റുമാർ. ദുബായുടെ ഭാവി വ്യോമയാന സ്വപ്നങ്ങളിലേക്കുള്ള തന്ത്രപ്രധാനമായ ചുവടുവെപ്പാണിതെന്ന് ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം വ്യക്തമാക്കി. 2030 പകുതിയോടെ ഈ മെഗാ പ്രോജക്ടിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ദുബായ് സൗത്തിൽ 5.1 ബില്യൺ ഡോളറിന്റെ മെഗാ എൻജിനിയറിങ് ഹബ്
