ഡൽഹി : ലക്ഷണങ്ങളും രോഗസ്ഥിരീകരണവും വൈകുന്നതിനാൽ അതിജീവനനിരക്ക് കുറഞ്ഞ അർബുദങ്ങളിലൊന്നാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് ഈ രോഗത്തെ വിളിക്കാനും കാരണമിതാണ്. ഇപ്പോഴിതാ പാൻക്രിയാറ്റിക് കാൻസർ ചികിത്സാരംഗത്ത് പ്രതീക്ഷയേകുന്ന പുതിയൊരു മരുന്ന് വികസിപ്പിച്ച് ഗവേഷകർ. ആദ്യഘട്ടപരീക്ഷണങ്ങളിൽ മികച്ച ഫലം നൽകിയിരിക്കുകയാണ് ഡാരാക്സൊൺറാസിബ് എന്ന മരുന്ന്. RAS ജീനുമായി ബന്ധപ്പെട്ട കാൻസർ സിഗ്നലുകളെ തടയുന്നതിനായി രൂപകൽപ്പന ചെയ്ത ദിവസവും കഴിക്കാവുന്ന രൂപത്തിലുള്ള ഗുളികയാണിത്.
ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായ മരുന്ന് രോഗികളിൽ മികച്ച ഫലം നൽകിയെന്നാണ് ഗവേഷകർ പറയുന്നത്. ബോസ്റ്റണിൽ നിന്നുള്ള ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ക്ലിനിക്കൽ ട്രയലിന് നേതൃത്വം നൽകിയത്. ദ ന്യൂ ഇംഗ്ലീഷ് ജേണൽ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ ട്രയലിനേക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. RAS ജീനിൽ വ്യതിയാനങ്ങളുള്ള 168 പാൻക്രിയാറ്റിക് കാൻസർ രോഗികളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. പഠനത്തിൽ പങ്കെടുത്ത എല്ലാവരും മുമ്പ് കുറഞ്ഞത് ഒരു കീമോതെറാപ്പി ചികിത്സയെങ്കിലും സ്വീകരിച്ചിരുന്നവരുമാണ്.
