കണ്ണൂർ: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത നിറഞ്ഞാടിയെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപിയുടെ രാജ്യസഭാംഗം സി. സദാനന്ദന്‍. കേരളത്തില്‍ പിടിമുറുക്കുന്ന രാഷ്ട്രീയ ഇസ്ലാമികത സിപിഎം നേതാക്കള്‍ തിരിച്ചറിയുന്നത് നല്ല കാര്യമാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനെന്ന വാദമുയര്‍ത്തി മുന്‍കാലങ്ങളില്‍ ചെയ്തു കൂട്ടിയ പാപകര്‍മങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഈ തിരിച്ചറിവ് സഹായകമാകട്ടെയെന്നും സി. സദാനന്ദൻ പറഞ്ഞു.
അതേസമയം, കെ.കെ രാഗേഷിന്റെ പ്രസ്താവന തള്ളി ഘടക കക്ഷിയായ ഐഎന്‍എല്ലിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രംഗത്തെത്തി. സ്വന്തം അണികള്‍ കാലുവാരിയത് മറച്ചുവെക്കാനാണ് രാഗേഷിന്റെ ശ്രമമെന്നാണ് ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ പോപ്പുലര്‍ മറുപടി നല്‍കിയത്. സിപിഎം നേതൃത്വത്തിന്റെ കൊള്ളരുതായ്മയും അഹങ്കാരവുമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം. ഇത് മറച്ചുവെക്കാനാണ് കെ.കെ രാഗേഷ് ന്യൂനപക്ഷ വര്‍ഗീയത ആരോപിക്കുന്നതെന്നും ഇക്ബാല്‍ പ്രതികരിച്ചു. കഴിഞ്ഞദിവസം കല്യാശേരിയില്‍ നടന്ന ഇ.കെ നായനാര്‍ അനുസ്മരണ പരിപാടിയിലാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. മതവും പള്ളിയും നോക്കി വോട്ട് ചെയ്യാന്‍ ലീഗും ജമാഅത്തെ ഇസ്‌ലാമിയും ആഹ്വാനം ചെയ്തു എന്നതായിരുന്നു രാഗേഷിന്റെ പ്രസ്താവന. രാഗേഷിന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ് നേതൃത്വവും രംഗത്ത് വന്നിരുന്നു.
