തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്. പിബി അംഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് പാർട്ടി അംഗത്വം തിങ്കളാഴ്ച പുതുക്കി നൽകിയത്. ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തിൽ നിന്ന് നീക്കിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്.
2020 ഒക്ടോബറിലാണ് ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരി ഇ.ഡിയുടെ പിടിയിലാകുന്നത്. പിന്നാലെ ബിനീഷിന്റെ പ്രാഥമിക അംഗത്വം സിപിഎം ഔദ്യോഗികമായി മരവിപ്പിക്കുകയായിരുന്നു. അതിനു മുൻപ് 2001 മുതൽ 2020 വരെ തുടർച്ചയായി ബിനീഷിനു പാർട്ടിയിൽ അംഗത്വമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പിണറായിയുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധിക്കാൻ ബിനീഷ് മുന്നിലുണ്ടായിരുന്നു.
