ഡൽഹി: സി സദാനന്ദൻ്റെ രാജ്യസഭാ നാമനിർദ്ദേശത്തെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഹർജിക്കാരൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സാമൂഹിക സേവനം എന്ന നിലയിൽ സി. സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെന്നായിരുന്നു പ്രധാനവാദം. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹർജി നൽകിയത്. കല, സാഹിത്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ നിന്ന് രാജ്യത്തിന് സംഭാവന നൽകിയ 12 പേരെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. എന്നാൽ ഏത് മേഖലയിലാണ് സദാനന്ദൻ രാജ്യത്തിന് സംഭാവന അർപ്പിച്ചത് എന്നതിനെ കുറിച്ച് രാജ്യത്തിന് അറിയില്ലെന്നും ബിജെപി നേതാവിന് നൽകിയ നോമിനേഷൻ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകൻ വീനിത് എസ് വർക്കലവിളയാണ് സുഭാഷിനായി ഹർജി സമർപ്പിച്ചത്.
‘സി സദാനന്ദൻ്റെ രാജ്യസഭാ നാമനിർദേശം റദ്ദാക്കണം’: പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി
