തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ‘അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി’ പദ്ധതിയിൽ സംസ്ഥാനത്തെ മുഴുവൻ കർഷകരും ഈ മാസം തന്നെ രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ കൃഷിഭവനുകൾ വഴിയായിരുന്നു അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ നടന്നിരുന്നത്. നിലവിൽ കർഷകർക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയോ രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. നിലവിൽ സ്വന്തമായി ഭൂമിയുള്ള കർഷകർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഏകീകൃത കർഷക ഐഡി ലഭിക്കും. ഭാവിയിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഈ ഐഡി നിർബന്ധമായിരിക്കും.
